Tuesday 19 August 2014

World photography day ലോക ഫോട്ടോഗ്രാഫി ദിനം(ഓഗസ്റ്റ്‌ 19)

എട്ടാം  ക്ലാസ്സില്‍(1999) പഠിക്കുമ്പോഴാണ് എനിക്കു  ഫോട്ടോഗ്രാഫി പ്രേമം പിടിപെട്ടത്‌.ക്യാമറ കയ്യിലില്ല.ഒന്നു വാങ്ങാനുള്ള സ്വപ്നം പോലും അതിവിദൂരം!സുഹൃത്തായ ഫഹദിന്റെ Yashika ക്യാമറയാണ് പതിവായി ഉപയോഗിക്കാറ്.ക്യാമറ സ്വന്തമായില്ലെങ്കിലും അതില്‍ ഫിലിം റോള്‍ ലോക്കു ചെയ്യുന്നതില്‍ അതിവിദഗ്ദ്ധനായിരുന്നു ഞാന്‍.ഒരു റോളില്‍ 38-39 ചിത്രങ്ങളൊക്കെ കിട്ടുമായിരുന്നു എനിക്ക്.ഫിലിം റോള്‍ ലോക്കായിക്കഴിഞ്ഞാല്‍ ഡയല്‍ തിരിക്കുമ്പോള്‍ ഒരു പ്രത്യേകശബ്ദമുണ്ട്.അന്നാ ശബ്ദം കേള്‍ക്കുമ്പോള്‍ എന്തൊരാശ്വാസമായിരുന്നു.അഞ്ചാറുഫോട്ടോ എടുത്താലും വാഷ് ചെയ്യാന്‍ ഒരു നിവൃത്തിയുമില്ല.ബാക്കി ഫിലിം മുതലാക്കണ്ടേ?പിന്നെ ക്യാമറയടക്കം അതു ഒരു മാസം മൂലയില്‍ കിടക്കും.ഇനി ഫിലിം മുഴുവനായാലോ  സ്റ്റുഡിയോയിലേക്കു ഒരു ഓട്ടമാണ്.
           കോട്ടക്കല്‍ അജന്തയിലായിരുന്നു ഞാന്‍ അധികവും കഴുകിച്ചിരുന്നത്.നെഗറ്റീവ് ആക്കാന്‍ അരമണിക്കൂര്‍ കാത്തിരിക്കണം.പേരു പറഞ്ഞു അവിടെത്തന്നെ പേപ്പറും വായിച്ചിരിക്കും.ഓരോ സ്ലിപ്പും കൌണ്ടര്‍മാന്‍ പേരുവിളിക്കാന്‍ തുടങ്ങുമ്പോള്‍ ഉദ്വേഗത്തോടെ അയാളെ നോക്കും.ഇനി കിട്ടിക്കഴിഞ്ഞാല്‍ ലൈറ്റിനു നേരെ പിടിച്ചു വേണ്ട ചിത്രങ്ങള്‍ മാര്‍ക്കു ചെയ്യും.പിന്നെയും അരമണിക്കൂര്‍ വെയിറ്റിംഗ്.ഡാര്‍ക്ക്റൂമില്‍ നിന്നും വരുന്ന ഓരോ കവറിലേക്കാവും പിന്നെ ശ്രദ്ധ.പേരു വിളിച്ചു 'ദാ നിങ്ങളുടെ ഫോട്ടങ്ങള്' എന്നു പറഞ്ഞു അജന്തയുടെ ഒരു കവര്‍ മുന്നിലേക്ക്‌ ഇടും.അതു തുറന്നു ആ ചിത്രങ്ങള്‍ കാണുമ്പോഴുള്ള ഒരു സംതൃപ്തി!ഇന്നു ഡിജിറ്റല്‍ യുഗം ഉള്ളം കൈയില്‍ വച്ചു കൊണ്ടു സെക്കന്ഡുകള്‍ക്കുള്ളില്‍ ഇമേജ് റിസള്‍ട്ട് പരിശോധിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അതിന്‍റെ സുഖം മനസ്സിലായെന്നു വരില്ല.കപ്യൂട്ടറില്‍ കാണുമ്പോഴല്ല,മറിച്ചു പ്രിന്റില്‍ കാണുമ്പോഴാണ് ഒരു ഫോട്ടോഗ്രാഫര്‍ക്കു കൂടുതല്‍ സംതൃപ്തി കിട്ടുക.അല്ലെങ്കില്‍ ഇന്നത്തെകാലത്തു ഫോട്ടോ വാഷ് ചെയ്യുന്നവര്‍ എത്ര പേരുണ്ട്?
         നേരാവണ്ണം സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ നശിച്ചു പോയ അനവധി പഴയ ചിത്രങ്ങളാണ് ഇന്നും എന്‍റെ വേദനയാര്‍ന്ന  നഷ്ടങ്ങളുടെ പട്ടികയിലുള്ളത്.2008ല്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി തുടങ്ങിയപ്പോഴും ചില ചിത്രങ്ങള്‍ നഷ്ടമായി.കാര്യമായ കപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സമയമായതിനാല്‍ ഫയലിന്‍റെ പേരു മാറ്റാതെ അതേ ഫോള്‍ഡറില്‍ വീണ്ടും സേവ് ചെയ്തപ്പോള്‍ പറ്റിയ അബദ്ധമായിരുന്നു അത്.
      ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്ന ഇന്ന് ആ പഴയ ഓര്‍മ്മകള്‍ അയവിറക്കി എന്നു മാത്രം.
        (ഫോട്ടോയില്‍ അങ്ങു ദൂരെ കാണുന്നത് കോഴിക്കോട് വിമാനത്താവളമാണ്.18 കി.മി. എന്‍റെ വീട്ടില്‍ നിന്നും).

Saturday 26 July 2014

മൊബൈലോഗ്രാഫി Mobile Photography

             

              ഓ...ഒരു SLR. പോക്കറ്റിലും ഇടാന്‍ കഴിയില്ല,മുടിഞ്ഞ വെയിറ്റും.എന്‍റെ മൊബൈല്‍ ക്യാമറ തന്നെ ധാരാളം.പക്ഷേ എങ്ങനാ ഇതിന്‍റെ കാര്യങ്ങളൊന്നു പഠിക്ക്യാ.എല്ലാ ഫോട്ടോഗ്രഫി ക്ലാസ്സുകളും SLRറിനെ അടിസ്ഥാനമാക്കിയുള്ളത്.മൊബൈല്‍ ക്യാമറയെന്താ കുടുംബത്തില്‍ പിറന്നതല്ലേ.എന്നാല്‍ കേട്ടോളൂ ഒരു പ്രൊഫഷണല്‍ വര്‍ക്കിനു മാത്രമേ SLRന്‍റെ ആവശ്യം വരുന്നുള്ളൂ.DSLR കയ്യിലുള്ള എല്ലാവരും ഫോട്ടോഗ്രാഫര്‍ ആകുന്നില്ല.അങ്ങനെയെങ്കില്‍ സിനിമാ നടന്‍ മമ്മൂട്ടിയായിരിക്കും കേരളത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രഫെര്‍.കാരണം,ഏറ്റവും കൂടുതല്‍ ക്യാമറ കളക്ഷനുള്ളത് മൂപ്പരുടെ കയ്യിലാണത്രെ.പുള്ളിക്കാരന് അതൊരു ഹോബി മാത്രം.അവര്‍ ക്യാമറ മുതലാളിമാര്‍ മാത്രമാണ്.(ഫാന്‍സുകാര്‍ വാളെടുക്കണ്ട,ഉദാഹരണത്തിനു കാച്ചിയതാ)
             അവസാന കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ MP 3/MP3 പ്ലയറിനെ സ്മാര്‍ട്ട്ഫോണുകള്‍  വിഴുങ്ങിയതു പോലെ  P&S ക്യാമറ വിപണിയെയും മൊബൈല്‍ ക്യാമറകള്‍ കീഴടക്കിയെന്നാണ് കേള്‍ക്കുന്നത്.ചുരുങ്ങിയ കാലത്തിനുള്ളില്‍ അവ പ്രകടനം മെച്ചപ്പെടുത്തി.ക്യാമറയുടെ പ്രധാന ഭാഗമായ സെന്‍സറിനു വലിപ്പം കൂടി.ഫീച്ചേഴ്സ് കൂടി.ഇപ്പോഴും കൂടിക്കൊണ്ടിരുക്കുന്നു. ഈ വര്ഷം ആദ്യ പാദത്തില്‍ ഇറങ്ങിയ  ഏതു സ്മാര്‍ട്ട് ഫോണിലും ഫിറ്റു ചെയ്യാവുന്ന 90 ശതമാനത്തോളം മാനുവല്‍ സെറ്റിംഗ്സ് ഉള്ള  സോണിയുടെ DSC QX-100 അറ്റാച്ച്മെന്റ് ലെന്‍സുകള്‍ P&S ക്യാമറകളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണെന്നു പറയാം.ദീപിക പദുക്കോണെ ചോദിച്ചതു പോലെ ഇതില്‍ കോള്‍ ചെയ്യാന്‍ കഴിയുമോ എന്നു ചോദിക്കേണ്ട അവസ്ഥയായി.  Samsung,Sony,HTC,IphoneNokia.. തുടങ്ങിയ ഇന്നു വിപണിയിലുള്ള എല്ലാം പ്രബലര്‍ തന്നെ.
           24 മണിക്കൂറും സാധ്യമായ ഫോട്ടോഗ്രാഫി.കൊണ്ടു നടക്കാനും കാര്യമായ കണ്ഫ്യൂഷനൊന്നും ഇല്ലാതെ ഒരൊറ്റ കിക്കിലൂടെ  മോശമല്ലാത്ത സ്നാപ്സുകളെടുക്കാനും എളുപ്പം.ഈ കാരണങ്ങള്‍ കൊണ്ടു  ഇതില്‍ ആകൃഷ്ടരാകുന്നവരാണു പലരും. പ്രീ സെറ്റു മോഡു(വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം എക്സ്പോഷറും ഫോക്കസിങ്ങും  ക്രമീകരിക്കുന്ന  ഓട്ടോമാറ്റിക് മോഡുകള്‍)കളാണ് ഇതിലെ ഫോട്ടോഗ്രാഫി എളുപ്പമാക്കുന്നത്.
            മൊബൈല്‍ ക്യാമറ എങ്ങനെ കൈകാര്യം ചെയ്യണമെന്നു എനിക്കറിയാവുന്ന രീതിയില്‍ ഇവിടെ പറയാം.കടുകട്ടിയെന്നു തോന്നുന്ന തിയറികളും കണക്കുകളും ഇല്ലാത്തതിനാല്‍ വായന സുഗമാമാവുമെന്നു പ്രതീക്ഷിക്കുന്നു.

                                              Geotagging


                  GPSന്‍റെ സാധ്യതകളുപയോഗിച്ചു എടുത്ത ചിത്രത്തിന്‍റെ ലൊക്കേഷനും താപനിലകള്‍ അറിയാനും മാപ്പുകളിലും മറ്റും പിന്‍ ചെയ്യാനും സഹായിക്കുന്നു.

                                              Landscape



 പ്രകൃതിരമണീയമായതും ചക്രവാളത്തിന്റെയും കടല്‍പരപ്പുകളുടെയും ചിത്രങ്ങളെടുക്കുന്നതിന്.

                                               Fireworks



ഉത്സവങ്ങളിലൊക്കെ കരിമരുന്ന്  ആകാശത്തു വിടരുന്നതു കണ്ടിട്ടില്ലേ.പൂ പോലെ.അതു  പകര്‍ത്താന്‍ യോജിച്ച മോഡ്.സ്ലോ ഷട്ടര്‍ ആയതിനാല്‍ വെള്ളച്ചാട്ടത്തിന്റെയും motion blur photographyക്കും അനുയോജിച്ചതാണ്.

                                               Sports

അതിവേഗത്തിലുള്ള ഷോട്ടുകളെടുക്കാന്‍ സഹായിക്കുന്ന എക്സ്പോഷര്‍.

                                               Burst

Speed photographyക്കു വേണ്ടിയുള്ളത്.ഒരൊറ്റ ക്ലിക്ക് അമര്‍ത്തിപ്പിടിച്ചിരുന്നാല്‍  'ചക' 'ചക' 'ചക' എന്നു ക്യാമറ സ്വയം ചിത്രങ്ങളെടുത്തു കൊള്ളും.ഒരു സെക്കന്‍ഡില്‍ 10 ഫോട്ടോകളെടുക്കുന്ന ഫോണ്‍  വരെ ഇപ്പോള്‍ മാര്‍ക്കറ്റിലുണ്ട്

                                               Image stabilization


Zoom ചെയ്തു ചിത്രങ്ങളെടുക്കുമ്പോള്‍ ഷേക്ക്‌ ആയി വൃത്തികേടാവാതിരിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

                                               Portrait

 

മനുഷ്യരുടെയും മൃഗങ്ങളുടെയും ഭാവങ്ങള്‍ പകര്‍ത്താന്‍ ഈ മോഡ് സഹായിക്കുന്നു.മുഖത്തിനു ആവശ്യമായ skin tone  നല്‍കാനും ബാക്ഗ്രൌണ്ട് ബ്ലര്‍ ആക്കാനും ഇതിന്‍റെ സോഫ്റ്റ്‌വെയര്‍ സ്വയം ക്രമീകരിക്കുന്നു.

                                               Face detection

 

ഫോട്ടോയെടുക്കുന്ന സബ്ജെക്റ്റില്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഓട്ടോമാറ്റിക്കായി ക്യാമറ സ്വയം അവരുടെ മുഖത്തേക്ക് ഫോക്കസ് ചെയ്യുന്നു.ഈ അവസരത്തില്‍ ഓട്ടോഫോക്കസ് മറ്റു ഭാഗങ്ങക്കു പ്രാധാന്യം കൊടുക്കില്ല.

                                               Smile detection

 

ഈ മോഡില്‍ വെച്ചു ക്യാമറക്കു മുന്നില്‍ നിന്നു ചിരിച്ചാല്‍ ക്യാമറ സ്വയം ഫോട്ടോയെടുക്കുന്നതാണ്.പുഞ്ചിരി/സാദാ ചിരി/സിനിമാസ്കോപ്പ് ചിരി എന്നിവ ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ഗൌരവക്കാരുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടാല്‍ എന്നെയോ ക്യാമറയേയോ കുറ്റം പറയരുത്.

                                               Image recognize

 

ആരുടെയെങ്കിലും ചിത്രം  മൊബൈലിലെടുത്തു   Image recognizeഇല്‍ റെജിസ്റ്റെര്‍ ചെയ്യുക.പിന്നെ അയാള്‍/അവള്‍ ഫ്രൈമില്‍ വന്നാല്‍ ഓട്ടോമാറ്റിക്കായി ക്യാമറ അവരുടെ മുഖത്തേക്ക് ഫോക്കസ് ചെയ്യും.

                                               HDR

 


ഫ്രൈമിലെ എല്ലാ ഭാഗങ്ങളിലും ഒരേ പ്രകാശവിന്യാസവും ഇരുണ്ടിരിക്കുന്ന ഭാഗങ്ങള്‍ കൂടുതല്‍ വെളിച്ചമുള്ളതാക്കാനും ക്യാമറയെ സഹായിക്കുന്ന സാങ്കേതികവിദ്യ.

                                               Object tracking

ഫ്രൈമിലെ ഒരു ഒബ്ജെക്റ്റിനെ ഫോക്കസ് ലോക്കു ചെയ്തു കഴിഞ്ഞാല്‍ ആ വസ്തു/മൃഗം ഫ്രൈമില്‍ നിന്നും പുറത്തു പോകും വരെ ഫോക്കസിംഗ് അതിനു മേലുണ്ടായിരിക്കും.പറക്കുന്ന പക്ഷികളുടെയും ഇളകിക്കൊണ്ടിരിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളെടുക്കാന്‍ ഇതു സഹായിക്കുന്നു.

                                               Red eye reduction


ഫ്ലാഷ് അടിച്ചു ഫോട്ടോയെടുക്കുമ്പോള്‍(പ്രത്യേകിച്ചു രാത്രിയില്‍) പ്രേതങ്ങളെ  പോലെ  കണ്ണില്‍ കാണുന്ന ചെമന്ന വൃത്തം.ഇതില്ലാതക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

                                               Sweep panorama



Landscapeല്‍ നീളത്തില്‍ ചിത്രമെടുക്കുന്നതിന്. പനോരമയില്‍ 120/180/360 digree എന്നിവ  തെരഞ്ഞെടുക്കാം.ഉദ്ദേശിക്കുന്ന ചിത്രം മനസ്സില്‍ കണ്ടു സീനിന്റെ ആരംഭത്തില്‍ ഷട്ടര്‍ ബട്ടന്‍ അമര്‍ത്തിക്കൊണ്ടു  ഒരു വശത്തേക്ക് sweep ചെയ്യുക(മെല്ലെ ക്യാമറയും കൊണ്ടു തിരിയുക).പനോരമ ചിത്രങ്ങളിലെ ന്യൂനതകളായ എക്സ്പോഷറും കൃത്യമായ ഫോക്കസിങ്ങും പരിഹരിച്ചുകൊണ്ട് phenomenal panorama എന്ന പുതിയ രൂപം Iphone 5Sല്‍  ഇണക്കിയിട്ടുണ്ട്.

                                               Touch focus/ Touch capture

ഇതു പ്രത്യേകിച്ചു പറയേണ്ട കാര്യമുണ്ടോ?

 


                                              Exposure compensation



ഒരു ചിത്രമെടുക്കാനൊരുങ്ങുമ്പോള്‍ ഡിസ്പ്ലേയില്‍ വെളിച്ചം കുറവോ കൂടുതലോ കണ്ടാല്‍ ഈ ഒപ്ഷന്‍ ഉപയോഗിച്ചു എക്സ്പോഷര്‍ (ചിത്രത്തിനു ആവശ്യമായ ഷട്ടര്‍ സ്പീഡ്,അപ്പെര്‍ച്ചര്‍ ഇവ രണ്ടും  ചേര്‍ന്നത്) നിയന്ത്രിക്കാവുന്നതാണ്.

                                               ISO control

 

രാതിയില്‍ എടുക്കുന്ന ചിത്രങ്ങള്‍ ബ്ലര്‍ ആവുകയാണെന്നു കണ്ടാല്‍ ISO സ്പീഡ് കൂട്ടുക.പക്ഷെ (100,200,400...1600.3200) ഇങ്ങനെ കൂടുന്നതിനനുസൃതമായി ചിത്രത്തില്‍ ഒരു മൊരിച്ചില്‍ പോലെ പല പല കളര്‍ ഡോട്ടുകള്‍ (Noise)   കാണും.എന്നാലും ചിത്രങ്ങള്‍ ഷേക്ക്‌ ആവാതെ കിട്ടും.

                                               Noise reduction


ISO കൂട്ടിയെടുക്കുന്ന ചിത്രങ്ങളിലെ Noise വേര്‍തിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ.പക്ഷെ ഇതോടൊപ്പം ചിത്രത്തിലെ കുറച്ചു ഡീറ്റെയില്‍സും അതങ്ങു കൂടെ കൊണ്ടു പോകും.

                                               White balance

 

റ്റ്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലും നട്ടുച്ചയ്ക്കും മഞ്ഞിലും മേഘാവൃത സമയത്തും സൂര്യോദയ/സൂര്യാസ്തമയ സമയത്തുമൊക്കെ പ്രകൃതിയില്‍ വരുന്ന പ്രകാശവ്യതിയാനത്തിനനുസരിച്ച് പശ്ചാത്തലത്തിലെ വെളിച്ചം ക്രമീകരിക്കുന്നതിന്.ഒരേ സീന്‍ വ്യത്യസ്ത White balanceസുകളില്‍  എടുത്താല്‍ ഇതിലെ മാറ്റങ്ങള്‍ തിരിച്ചറിയാം.

                                          ചില ടിപ്സുകള്‍.

                ഒരു വസ്തു മാത്രവും ചുറ്റുഭാഗം മുഴുവനും ഇരുണ്ടിരിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടില്ലേ.അതെങ്ങെനെ എടുക്കാമെന്നു നോക്കാം.എടുക്കേണ്ട വസ്തു നല്ല വെളിച്ചമുള്ളിടത്തെക്കു വെക്കുക.ഇല്ലെങ്കില്‍ കൃത്രിമ വെളിച്ചം കൊടുക്കുകയുമാവാം.മൊബൈലില്‍ Metering mode എന്ന ഒപ്ഷന്‍ കാണാം.Spot metering അതില്‍ തെരഞ്ഞെടുക്കുക.ഇപ്പോള്‍ ഒബ്ജെക്റ്റിന്റെ ചുറ്റും നിറം മങ്ങിയതു ശ്രദ്ധിച്ചില്ലേ.ഒബ്ജെക്റ്റിനു വലിപ്പം കൂടുതലാണെങ്കില്‍ Center Weighted   തെരഞ്ഞെടുക്കാം.മുഴുവനും ഒരേ വെളിച്ചത്തില്‍ കിട്ടണമെങ്കില്‍ Multi  തെരഞ്ഞെടുക്കുക.വെളിച്ചം പതിക്കുന്ന ജനല്‍/റ്റ്യൂബ് ലൈറ്റ്/കമ്പ്യൂട്ടര്‍,മൊബൈല്‍ എന്നിവയുടെ മോണിട്ടര്‍ എന്നിവ Spot metering മാത്രമെടുക്കാനായി ഉപയോഗിക്കാം.

             രാത്രിയിലോ ഫോക്കസിംഗ് ബുദ്ധിമുട്ടേറിയ സമയത്തോ ആണെങ്കില്‍ Infinity  എന്ന ഫോക്കസിംഗ് മോഡ് തെരഞ്ഞെടുത്താല്‍  അങ്ങു അനന്തതയിലേക്കു ഫോക്കസ് പോകും.പിന്നെ ഫോക്കസിനു ചാഞ്ചാട്ടമുണ്ടാവില്ല .അതിനര്‍ത്ഥം  എല്ലാം ഫോക്കസില്‍ വരും എന്നല്ലകേട്ടോ.
   ലേഖനം അപൂര്‍ണ്ണമാണ്. ഫോട്ടോഗ്രഫി പുലികള്‍ക്കു വല്ല തിരുത്തലുകളും വേണമെന്നുണ്ടെങ്കില്‍ അറിയിക്കണം ട്ടോ.
              

Thursday 24 July 2014

മഴയോഗ്രഫി Rain Photography

             
 ആകാശം കറുത്തിരുളാന്‍ തുടങ്ങി.അതാ വാഹനങ്ങള്‍ക്കു വേഗത കൂടുന്നു.ചില ബൈക്കുകാര്‍ ഒരു കൈ തലയെ മറച്ചാണ് വണ്ടിയോടിക്കുന്നത്.വഴിയാത്രക്കാര്‍ക്കും  വീടായണയാനുള്ള ധൃതിയില്‍ നടത്തത്തിനു  വേഗം കൂടുന്നു.ചെറുതുള്ളികളായി ഭൂമിയെ ചുംബിക്കുന്ന മഴത്തുള്ളികള്‍ പതിയെ പതിയെ  വിശ്വരൂപം കാണിച്ചു.ആര്‍ത്തലച്ചു പെയ്യുന്ന മഴയെ ഇങ്ങനെ പേടിക്കേണ്ടതുണ്ടോ?ചാറ്റല്‍മഴ,പെരുമഴ,പേമാരി തുടങ്ങി എന്തു പേരിട്ടു വിളിച്ചാലും മഴ എനിക്കു ആനന്ദദായകമാണ്.നാട്ടില്‍ നിന്നും വരുന്ന ഫോണില്‍ക്കൂടി പോലും മഴയുടെ നിശ്വാസം കേള്‍ക്കാം.മഴയെ   വെറും കൊണ്ടാസ്വദിക്കാന്‍ മാത്രമുള്ളതല്ല.പിന്നെ?.... ലതെന്നെ...ഫോട്ടംപിടുത്തം.
               എന്നാല്‍ മഴയത്തുള്ള ഫോട്ടോഗ്രഫി അങ്ങേയറ്റം ദുഷ്കരവും ഒരു തരത്തില്‍ വേണ്ടാതീനവുമാണ്.ആദ്യകാരണം ക്യാമറ നനയുമെന്നതു തന്നെ.ഇനി പ്ലാസ്റ്റിക്കു കൊണ്ടോ മറ്റോ മൂടിയാല്‍ തന്നെ ഈര്‍പ്പം കാരണം ലെന്‍സിനുള്ളില്‍ അനുബാധക്കു കാരണമാകുമെന്ന കാര്യത്തില്‍ ഒരു ഗ്യാരണ്ടിയുമില്ല.പിന്നെ ഫോക്കസിംഗ്. SLRല്‍ അത്ര കുഴപ്പമില്ല.P&Sല്‍ ആണെങ്കില്‍ Infinityയില്‍ ഫോക്കസ് സെറ്റു ചെയ്തു തകര്‍ക്കാം.എക്സ്പോഷറും ബുദ്ധിമുട്ടുതന്നെ.ഷട്ടര്‍ സ്പീഡ് വളരെ താഴുന്നതിനാല്‍ രണ്ടു മൂന്നു സ്റെപ്പ് ISO കൂട്ടേണ്ടി വരുന്നു.തന്മൂലം ചിത്രത്തില്‍ വരുന്ന നോയിസ് മഴത്തുള്ളികളെ മറയ്ക്കാനും ഇടയാക്കുന്നു.വണ്ടിക്കുള്ളില്‍ വെച്ചു മഴയുടെ ചിത്രമെടുക്കാനാണ് പലരും താത്പര്യപ്പെടാറ്.പക്ഷെ ഗ്ലാസില്‍ വീഴുന്ന മഴത്തുള്ളികള്‍ മുമ്പിലെ വിസിബിലിറ്റിയെ മറക്കുന്നു.
     ഏതായാലും മഴയത്ത് ഞാനെടുത്ത ചില ചിത്രങ്ങള്‍ നിങ്ങള്‍ക്കു ഇവിടെ   കാണാം.

Monday 21 July 2014

ഒരു DSLRല്‍ സാധാരണക്കാരന്‍ പേറുന്ന പ്രശ്നങ്ങള്‍

            ടൈം പാസിനു വേണ്ടിയും ഫേസ്ബുക്ക്,ഗൂഗിള്‍ പ്ലസ്,മറ്റു ഫോട്ടോകള്‍ ചാര്‍ത്താന്‍ പറ്റിയ സൈറ്റുകള്‍ക്കു വേണ്ടിയും ഫോട്ടോയെടുക്കാന്‍ P&S ക്യാമറയില്‍  ക്ലിക്കിക്കൊണ്ടിരുന്ന ഒരാള്‍ ഒരു DSLR വാങ്ങിയെന്നു കരുതുക.പുള്ളി അത്യാവശ്യം അതിന്‍റെ ഉപയോഗക്രമങ്ങളൊക്കെ പഠിച്ചിട്ടുമുണ്ട്.(കഥാപാത്രം ഒരു പ്രൊഫഷണല്‍ അല്ല,കഴുത്തില്‍ ബാഡ്ജ് ഇല്ല,ഫോട്ടോഗ്രാഫര്‍ അസോസിയേഷന്‍റെ മെമ്പര്‍ഷിപ്പുമില്ല).ഇതിയാന്‍ SLRറുമായി പുറത്തിറങ്ങിയാല്‍ എന്തൊക്കെ നേരിടേണ്ടി വരും? ഞാന്‍ എന്‍റെ ചില അനുഭവങ്ങള്‍ പറയാം.
             രണ്ടു വര്‍ഷം മുമ്പ് ഒരു പെരുന്നാളിനു ഞാന്‍ ക്കൂട്ടുകാരുമൊത്തു എന്‍റെ നാടിനടുത്തുള്ള  ചെരുപ്പടി മല എന്ന ഒരു സുന്ദര ഇടം സന്ദര്‍ശിക്കാന്‍ പോയി.ഫോട്ടോയ്ക്കായി ഞാന്‍ പുറത്തെടുത്തതും ചിലരുടെ ശ്രദ്ധ എന്നിലേക്കായി.പിള്ളേര്‍ വട്ടം കൂടി ,ഏതു പേപ്പറില്‍ നിന്നാ? എന്നൊക്കെയായി ചോദ്യം.ചിലര്‍ ബോധപൂര്‍വ്വം ഫ്രൈമില്‍ കയറിക്കൂടാനും,റോഡിന്‍റെ ഫോട്ടോയെടുത്തപ്പോള്‍ ബൈക്കുകള്‍ മെല്ലെ പോകാനും എന്‍റെ ക്യാമറ ഇടയാക്കി.(ഫലത്തില്‍ ക്ലൌഡിയായിരുന്ന സമയത്തും ചിത്രം ഷേക്ക്‌ ആകാതെ കിട്ടി ).

             പിന്നൊരിക്കല്‍ എന്‍റെ നാടിന്റെ ഒരു കിലോമീറ്റര്‍ അപ്പുറത്ത് എന്‍റെ സുഹൃത്തിന്റെ ഭാര്യവീടിന്റെ അയല്‍വാസിയുടെ (വല്ലാത്തൊരു ബന്ധം ,അല്ലേ.)കാര്‍ റോഡ്‌ സൈഡിലെ ഒരു ലെയ്ത്തി ലേക്കു കേറി ചാമ്പി. ന്ന്വച്ചാ ഇടിച്ചു. വണ്ടിയുടെ മുതലാളി ഒരു ഗള്‍ഫുകാരന്‍.പുള്ളിക്കാരന് ഇന്ഷുറന്സ് ക്ലയിമിനു വേണ്ടി കാറിന്‍റെ ചില ഫോട്ടോകള്‍ വേണം.അങ്ങനെ എന്‍റെ സുഹൃത്തിനോട്  മൂപ്പര്‍ ഫോട്ടോയെടുത്തു തരാന്‍   അഭ്യര്‍ത്ഥിച്ചു.പുള്ളിഎന്നെ ഇക്കാര്യം ഏല്‍പ്പിച്ചു.നമ്മളിതൊക്കെ കേള്‍ക്കാന്‍ കാത്തിരിക്കുകയല്ലേ.ഞാന്‍ SLRറുമായി  സ്പോട്ടിലെത്തുമ്പോള്‍ ചെറിയൊരു കൂട്ടം അവിടെയുണ്ട്.എല്ലാവരും ഡിറ്റക്ടീവുകളായിക്കൊണ്ട് പല പല അനുമാനങ്ങളിലെത്തുന്നു.ഞാന്‍ ക്യാമറയെടുത്തു വാഹനത്തിന്‍റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങളെടുക്കാന്‍ തുടങ്ങി.അതാ പഴയ ചോദ്യം.ഏതു പേപ്പറില്‍ നിന്നാ?കുട്ടികള്‍ പലരും ഫ്രൈമിലെക്കു തള്ളിക്കയറാനും തുടങ്ങി. ദൃക്സാക്ഷികളെന്നു തോന്നിയ ചിലര്‍ കഥാവിവരണവും തുടങ്ങി.അവസാനം ഞാന്‍ സത്യാവസ്ഥ വെളിപ്പെടുത്തി.'അയ്യേ' ,'പേപ്പറില്‍ നിന്നല്ല,അല്ലേ' എന്നീ ഭാവങ്ങള്‍ ചിലരുടെ മുഖത്ത് വെളിവായത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.
           ഒരിക്കല്‍ ഓണത്തിനു ഏറണാകുളം ടൂറു പോയപ്പോള്‍ കൊച്ചിയിലെ ലുലു മാള്‍ ഒന്നു കാണാമെന്നു കരുതി.താഴെ മാവേലിയുടെ ഒരു പ്രതിമ.അതിന്‍റെ കൂടെ ഒരു ഫോട്ടോയെടുക്കാന്‍ DSLR സുഹൃത്തിനെ ഏല്പിച്ചു.അതാ വരുന്നു സെക്യൂരിറ്റി.''ഈ ക്യാമറ കൊണ്ടു ഫോട്ടോയെടുക്കാന്‍ അനുവാദമില്ല.''എന്‍റെ പോക്കറ്റില്‍  അപ്പോഴും P&Sക്യാമറ ഉണ്ടായിരുന്നു.അതു കാണിച്ചു.''ആ..ഇതു കൊണ്ടു കുഴപ്പമില്ല.''അതും ഇതും ക്യാമറ തന്നെയല്ലേ എന്നൊക്കെ തര്‍ക്കിക്കണമെന്നു തോന്നിയെങ്കിലും ചിലപ്പോ  P&S ക്യാമറ കൊണ്ടു പോലും ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെങ്കിലോ എന്നോര്‍ത്തു പിന്‍വാങ്ങി.

            പിന്നെ ഓര്‍മ്മയുള്ള സംഭവം കുറെ മുമ്പാണ്.2009ല്‍ കല്‍ക്കട്ടയിലെ ഹൌറ ബ്രിജിലൂടെ SLRകഴുത്തില്‍ തൂക്കി നടക്ക്വാണ്. ( ക്യാമറ അന്നു ഫിലിം റോള്‍ SLR ആണു.) പാലത്തില്‍ വച്ചു പോലീസ് പിടിച്ചു. എവിടുന്നാ? എന്തിനാ? തുടങ്ങി പോലീസ് സ്റൈല്‍ ചോദ്യങ്ങള്‍.അന്നു എന്‍റെ പ്രായം മാനിച്ചായിരിക്കും അവര്‍ വെറുതെ വിട്ടതെന്നു തോന്നി.എന്നാലും എന്‍റെ ഉള്ളിലെ ഫോട്ടോഗ്രാഫര്‍ വെറുതെയിരിക്കുമോ? ഒന്നു രണ്ടെണ്ണം എടുത്തു
.

           ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള ട്രെയിന്‍ യാത്രയില്‍  തേക്കുമരങ്ങള്‍ കൊണ്ടു മനോഹരമായി അലങ്കരിച്ച അങ്ങാടിപ്പുറം സ്റ്റേഷന്‍ ഫ്രൈമിലാകാന്‍ ഞാന്‍ SLR  പുറത്തെടുത്തു.വീണ്ടും അതാ നേരത്തെ പറഞ്ഞ ഫ്രൈമിലേക്കുള്ള തള്ളിക്കേറല്‍.കുലുക്കല്ലൂര്‍  സ്റ്റേഷനില്‍ വച്ചു റെയില്‍വേ ബോര്‍ഡിന്‍റെ ചിത്രമെടുക്കുമ്പോള്‍ അതാഒരു മൂപ്പിലാന്‍ ഫ്രൈമില്‍.ട്രെയിന്‍ അനങ്ങും വരെ മേപ്പടിയാന്‍ അനങ്ങിയില്ല.എന്‍റെ തന്ത്രപ്പാട് കണ്ടു ഡോറരുകില്‍ നിന്നിരുന്ന ഒരു അന്വേഷണ കുതുകി ആ പഴയ ചോദ്യം വീണ്ടും.''ഏതു പേപ്പറില്‍ നിന്നാ?''.''നാളത്തെ എല്ലാ പേപ്പറും വാങ്ങിച്ചോളിന്‍.''-ഞാന്‍
           ആഗ്രയിലേക്കുള്ള യാത്രയില്‍ മംഗള എക്സ്പ്രസ്സില്‍ കൊങ്കണിന്‍റെ സ്വാഭാവിക സൌന്ദര്യം പകര്‍ത്തുമ്പോള്‍ 'ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ'യിലെ അമരിഷ് പുരിയായി വില്ലന്‍ TTE  എത്തി."ക്യാ,ആപ്കോ മാലൂം നഹിം,ട്രേന്‍ കേ അന്ദര്‍ തസ്വീര്‍ കീച്നാ മനാ ഹേം ?'' "ഠിക്കെ,.. ഠിക്കെ".അമരിഷ്ജിയുടെ ക്വാട്ടാ ഗോവയില്‍ അവസാനിച്ചപ്പോഴാണ് ഞാന്‍ വീണ്ടും DSLRനെ കൊങ്കണ്‍ തുരങ്കങ്ങള്‍ കാണിച്ചത്.
           അടുത്ത സംഭവം എന്‍റെ നാട്ടില്‍ വച്ചു തന്നെ.ഒരു ഹര്‍ത്താല്‍ ദിനത്തില്‍ നാട്ടുകാരും ഹര്‍ത്താല്‍ ആഹ്വാരകരും തമ്മിലുണ്ടായ കശപിശ ഞാന്‍ ഫ്രൈമിലാക്കുമ്പോള്‍ ഞാന്‍ ഹര്‍ത്താല്‍ പക്ഷക്കാരുടെ ആളാണെന്നു തെറ്റിദ്ധരിച്ച  ചില ഉണ്ണാക്കന്മാര്‍ എന്‍റെ ക്യമറ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു.കൂട്ടത്തില്‍ ഒരുത്തന്‍റെ കമന്റ് ഇങ്ങനെയായിരുന്നു.''ക്യാമറയില്‍ നിന്നും ആ ഫിലിം റോള്‍ എടുത്തിട്ടു ക്യാമറ തിരിച്ചു കൊടുത്താ മതി.''SLR ക്യാമറയുടെ തടിച്ച ,പിടിക്കുന്ന ഭാഗം ഫിലിം റോള്‍ ഇടാനുള്ളതാണെന്നു വിശ്വസിച്ചു പോരുന്ന ഒരുപാടു പേരുണ്ടെന്ന് അന്നെനിക്ക് മനസ്സിലായി.
           റീസെന്റിലി, അബുദാബിയിലെ ഗ്രാന്‍ഡ്‌ മസ്ജിദില്‍ നോമ്പു തുറക്കു പോയപ്പോള്‍ ഇവനേയും കൂടെ കരുതി.ചിത്രമെടുപ്പ് തകര്‍ത്തു മുന്നേറുമ്പോള്‍ അതാ മറ്റോന്‍.സെക്യൂരിറ്റി..മൂപ്പര്‍,എന്നെയും കൂട്ടി വല്യ മൂത്താപ്പാന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.അതിയാന്‍ വതനിയാണ്.നീ എന്തിനു ഫോട്ടോയെടുത്തു?ഇതിന്‍റെ പെര്‍മിഷന്‍ വാങ്ങിയിട്ടുണ്ടോ?തുടങ്ങി നെടുനീളന്‍ ചോദ്യശരങ്ങള്‍.ഞാന്‍ ബ..ബ്ബ..ബ്ബാ കളിച്ചു സോറിയും പറഞ്ഞു ക്യാമറ ബാഗിനുള്ളിലാക്കി.ടെന്ടിനുള്ളിലേക്കു കയറുമ്പോള്‍ ഒരാള്‍ ബാഡ്ജും തൂക്കി 5D Mark III യും കൊണ്ടു കസര്‍ത്തുന്നത് കണ്ടു.വെറുതെയല്ല സെക്യൂരിറ്റി......കാഴ്ചയില്‍ ഒരു പോലെയുണ്ടെന്നതല്ലാതെ 5Dയുടെ നിഴലില്‍ പോലും വെക്കാനുള്ള യോഗ്യത എന്‍റെ ക്യാമറക്കില്ല.വില കൊണ്ടും പെര്ഫോമെന്‍സ് കൊണ്ടും.എന്‍റെ പാവം Point&Shoot എടുത്താല്‍ മതിയായിരുന്നു.
       എന്നാലും ഏതു പേപ്പറില്‍ നിന്നാ എന്ന ചോദ്യം അറം പറ്റിയെന്നു പറഞ്ഞാല്‍ മതിയല്ലോ.നമ്മുടെ ഋഷിരാജ് സിംഹം റോഡു വകുപ്പിനെ ഉടച്ചു വാര്‍ക്കുന്ന സമയം.പുള്ളിക്കാരന്‍ ലഞ്ചും കഴിച്ചു കുംഭയും തടവി പല്ലിട കുത്തിക്കൊണ്ടിരിക്കുന്ന സമയത്താണു ഒരൈഡിയ തോന്നിയത്.ഇപ്പൊ ഫേസ്ബുക്കാണല്ലോ താരം.വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഫോട്ടോയെടുത്തു തെളിവു സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിനെടാ എന്നൊരു കൊളുത്തിട്ടാല്‍ സ്മാര്‍ട്ട് ഫോണ്‍ ക്യാമറയും കൊണ്ട് എന്തെങ്കിലുമൊക്കെ വിക്രിസ് കാണിക്കണമെന്നു പരതി നടക്കുന്ന ഫ്രീക്കന്മാര്‍ കേറി കൊളുത്തുമല്ലോ എന്നു മൂപ്പര്‍ക്കു തോന്നിക്കാണും. പറഞ്ഞു വന്നതു ഇതിന്‍റെ പരസ്യപ്രാചാരണത്തിനായി അന്നത്തെ മാതൃഭൂമി പത്രം തെരഞ്ഞെടുത്തത് അടിക്കുറിപ്പോടു കൂടിയ ഫേസ്ബുക്കിലെ എന്‍റെ ചിത്രമായിരുന്നെന്ന്‍ ചരിത്രം.


       

Saturday 19 July 2014

ഓഫറുകള്‍ ലെന്‍സുകള്‍ അഥവാ കിറ്റു ലെന്‍സുകള്‍ വാങ്ങുമ്പോള്‍

           
              രണ്ടു  മാസം മുമ്പ് കണ്ട ഓഫര്‍ ആണിത്.ഒരുമാതിരിപ്പെട്ടവന്റെയൊക്കെ   വണ്ടറടിച്ചു പോകാന്‍ ഇതു ധാരാളം.ഇങ്ങനെയുള്ള ഓഫറുകളൊക്കെ കണ്ടാല്‍ ഫോട്ടോഗ്രഫിക്കു ലവലേശം താത്പര്യമില്ലാത്ത,വെറുതെ ചൊറിയും കുത്തിയിരിക്കുന്നവന്‍  പോലും ഈ കോമ്പോ പായ്ക്ക് വാങ്ങിപ്പോകും.സത്യത്തില്‍ ഇവ വാങ്ങാന്‍ കൊള്ലാവുന്നവയാണോ?നമുക്കൊന്നു പരിശോധിക്കാം.(UAE മാര്‍ക്കറ്റിലെ നിലവാരവും ലഭ്യതയുമാണിവിടെ കണക്കാക്കുന്നത്).ആദ്യമേ ഈ തത്വം മനസ്സിലാക്കുക.ഒരു കമ്പനിയും പുണ്യം കിട്ടാന്‍ വേണ്ടി അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നില്ല.വമ്പന്‍ സ്രാവുകളായ നിക്കോണും കാനനും പ്രാരാബ്ധങ്ങള്‍ കാരണം അവരുടെ ഉല്‍പന്നങ്ങള്‍ കിട്ടുന്ന വിലക്ക് മാര്‍ക്കറ്റില്‍ ഇറക്കുകയാണെന്നു വിശ്വസിക്കാനും നമ്മുടെ സാമാന്യബുദ്ധി സമ്മതിക്കുന്നുമില്ല.സ്റ്റോക്ക് തീരും മുമ്പ് വാങ്ങിച്ചു കളയാം എന്നോര്‍ത്തു ഷോപ്പിലേക്ക് ഓടണ്ട.ഈ മാസം നൂറു ദിര്‍ഹം പിന്നെയും കുറഞ്ഞിട്ടുണ്ട്.അടുത്ത മാസം ഇനിയും കുറഞ്ഞാലോ.ചിലര്‍ ഇങ്ങനെ വിചാരിക്കും.ഈ ലെന്‍സൊക്കെ അവര്‍ ഒരു പത്തു വര്ഷം മുമ്പ് ഉണ്ടാക്കി വെച്ചതായിരിക്കും.പുതിയത് ഉണ്ടാക്കിയപ്പോ പഴയത് കുറഞ്ഞ വിലക്ക് വിറ്റഴിക്കുകയായിരിക്കും.(ഞാനും  മുമ്പ് ഇങ്ങനെയായിരുന്നു വിചാരിച്ചിരുന്നത്).
           ഫിക്സഡ് ലെന്‍സുകളായ Point&Shoot cameraയില്‍നിന്നും  Bridge cameraകളില്‍ നിന്നും DSLRകളിലെ ലെന്‍സിനെ വ്യത്യസ്തനാക്കുന്നത്,അവ ഒരു ആജീവനാന്ത സമ്പാദ്യമാണെന്നതാണ്.ക്യാമറാബോഡികള്‍ കാലഘട്ടത്തിനനുസരിച്ചു മാറിമാറി വന്നേക്കാം എന്നാല്‍ ഒരു ദീര്‍ഘകാലയളവിലേക്ക് ലെന്‍സുകള്‍ മാറ്റേണ്ടി വരുന്നില്ല. അതിനാല്‍ അവയുടെ ഗുണമേന്മ ഉറപ്പുവരുത്തുക എന്നത് പരമപ്രധാനം.
          ഓരോന്നായി നോക്കാം.

                                                      Lens resolution


ഉദ്ദേശിക്കുന്നത് ചിത്രത്തിന്‍റെ ഷാര്‍പ്പ്നെസ് തന്നെയാണ്.ടെലി ലെന്‍സുകളില്‍ (ഉദാ;300 mm )ഏറ്റവും കൂടിയ മാഗ്നിഫക്ഷനില്‍ (ഫോക്കല്‍ ലെങ്ങ്തില്‍) എടുക്കുന്ന ചിത്രങ്ങള്‍ ദയനീയമാം നിലവാരം കുറഞ്ഞു പോകുന്നു.

                                              Chromatic aberration








പ്രകാശം കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന,ആകാശം പശ്ചാത്തലമായി വരുന്ന ചിത്രങ്ങളില്‍ ഒബ്ജെക്റ്റില്‍ ഇരു വശത്തുമായി നീലയും ചുവപ്പുമായ ഡിസ്ട്രാക്ഷന്‍ കളറുകള്‍ വരുന്നു.(എടുത്ത ചിത്രം കമ്പ്യൂട്ടില്‍ Zoom ചെയ്‌തു നോക്കിയാല്‍  കാണാന്‍ കഴിയും ).

                                               Lens distortion

 

                                                                                                                എടുത്ത ചിത്രത്തിന്‍റെ വശങ്ങളില്‍ ഒരു വളവു പോലെ കാണുന്നു.അതു പുറത്തെക്കാവാം,അകത്തെക്കാവാം.എന്നാല്‍ മധ്യഭാഗം നേര്‍ രേഖയിലായിരിക്കും,ചില കേസുകളില്‍ നടുഭാഗവും വളഞ്ഞതു പോലെ കാണാം.

                                                           Lens flare


Good flare
Bad flare 


ഫോട്ടോഗ്രാഫിയില്‍ പ്രധാനപ്രകാശ സ്രോതസ്സുകള്‍(സ്ട്രീറ്റ് ലൈറ്റ്.സൂര്യന്‍) കടന്നു വരുമ്പോള്‍  കുമിളകള്‍ പോലെ കാണിക്കുന്ന  ഒരു രേഖ.Bad flare ചിത്രം ഉദാഹരണത്തിനു കാണിച്ചെന്നേയുള്ളൂ.ഇതു മോശം ചിത്രമൊന്നുമല്ല. Creative photographyക്കു ഇവ ഉപകാരപ്പെട്ടേക്കാം

                                                         Lens vignetting




ചിത്രത്തിന്‍റെ വശങ്ങളില്‍ കറുപ്പ് നിറം പോലെയും പ്രകാശം കുറച്ചു പതിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ഇരുണ്ടതായും കാണപ്പെടുന്നു.

                                                                   Bokeh


Good bokeh 
Good bokeh 


Bad bokeh 
Bad bokeh

Aperture കൂട്ടി എടുക്കുന്ന ചിത്രങ്ങളിലും രാത്രിയില്‍ പ്രകാശത്തിനെ ഔട്ട്‌ ഓഫ് ആക്കി എടുക്കുമ്പോഴും കാണുന്ന വൃത്തം.ഷഡ്ഭുജാകൃതിയിലുള്ള വൃത്തം Bad bokeh ആയും പൂര്‍ണ്ണമായും വൃത്താകൃതിയിലുള്ളത് Good bokeh ആയും  കണക്കാക്കപ്പെടുന്നു.എന്നാല്‍ ഇതു പൂര്‍ണ്ണമായും ശരിയാകണമെന്നില്ല.2014ല്‍  ഇറങ്ങിയ Need For Speed എന്ന സിനിമയില്‍ ഈ  ഷഡ്ഭുജബൊക്കെ മനോഹരമായി ചിത്രീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

                                                       Construction

 

ഗുണമേന്മ കുറഞ്ഞ  കോട്ടിംഗും പ്ലാസ്റ്റിക് നിര്‍മ്മിത ലെന്‍സ്‌ മൌണ്ടും.ലെന്‍സ്‌  മൌണ്ട് സ്റ്റീലിനാല്‍  തിര്‍മ്മിതമായവ കൂടുതല്‍ ഈടു നില്‍ക്കും.ഫോക്കസ് റിംഗ് നേരിയതും പ്ലാസ്റ്റിക്കിനാല്‍ നിര്‍മ്മിതമായതായിരിക്കും.വീതിയുള്ളതും റബ്ബറിനാല്‍ നിര്‍മിച്ചതുമായ  ഫോക്കസ് റിംഗ് മാനുവല്‍ ഫോക്കസിംഗ് എളുപ്പമാക്കും.ചില ലെന്‍സുകളില്‍ DOF സ്കെയിലും രേഖപ്പെടുത്തിരിക്കുന്നതു കാരണം Derth of field നിര്‍ണ്ണയവും എളുപ്പമാക്കും.

                                                 Aperture(Lens speed)

50 mm ലെന്‍സുകള്‍ f/1.8ല്‍ നിന്നും വൈഡ് ലെന്‍സുകള്‍ f/2.8ല്‍ നിന്നും ടെലി ലെന്‍സുകള്‍  f/4ല്‍ നിന്നുമായിരിക്കും  പലപ്പോഴും മാക്സിമം  അപ്പെര്‍ച്ചര്‍ തുടങ്ങുക. അപ്പെര്‍ച്ചര്‍ കൂടുന്നതിനനുസരിച്ച് കുറഞ്ഞ ലൈറ്റിംഗിലെ ഷൂട്ടിങ്ങും ബാക്ക് ഗ്രൌണ്ട്  കൂടുതല്‍ ബ്ലര്‍ ആയ ചിത്രങ്ങളും ലഭിക്കും.Lens flareയും Bokehയും അപ്പെര്‍ച്ചറുമായി ബന്ധപ്പെട്ടു കിടക്കുന്നു.

                                                   Image Stabilization 

 
 കാനോന്‍  Image stabilization എന്നും നിക്കോണ്‍ Vibration reduction എന്നും വിളിക്കുന്ന ഈ സാങ്കേതികവിദ്യ ടെലി ലെന്‍സ്‌ വച്ചു ഷൂട്ട്‌ ചെയ്യുമ്പോള്‍ ക്യാമറ ഷേക്ക്‌ ആയാലും ഇമേജ് ബ്ലര്‍ ആയി നാശമാകാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു.അതില്‍ത്തന്നെ ഒന്നും രണ്ടും മൂന്നുമായി ഗ്രേഡുകളുണ്ട്.കൈയ്യില്‍ വച്ചു ഷൂട്ടു ചെയ്യുമ്പോള്‍ ഗ്രേഡ് ഒന്നും സബ്ലെക്റ്റ് ഇളകിക്കൊണ്ടിരിക്കുകയാണെങ്കില്‍ രണ്ടും സബ്ജെക്റ്റും ക്യാമറയും ഇളകിക്കൊണ്ടിരിക്കുകയാണെങ്കില്‍ (ഉദാ-വാഹനത്തില്‍ വച്ചും ട്രെയിനില്‍ വച്ചും ഷൂട്ട്‌ ചെയ്യുമ്പോള്‍ ) മൂന്നും ഉപയോഗിക്കുന്നു.ഒഫര്‍ ലെന്‍സില്‍ ഈ ഗ്രേഡുകള്‍ പ്രതീക്ഷിക്കേണ്ടതില്ല. 

                                                           Lenses

20 മുതല്‍ 200ഓളം വരുന്ന പല ലെന്‍സസ് (ലെന്‍സസ് എന്നതു ഏകവചനമാണ്)  എലമെന്റുകള്‍ ഗ്രൂപ്പുകളാക്കി നിര്‍മിക്കുന്നതാണ് ഒരു ലെന്‍സ്‌. ഗുണമേന്മ കുറഞ്ഞ ലെന്‍സസുകള്‍  കാലാവസ്ഥാമാറ്റത്തിനനുസരിച്ചു ഈര്‍പ്പം,അതിശൈത്യം എന്നിവ കാരണം ഫംഗസ് ബാധക്കിടയാക്കുന്നു.
       ഇത്ര വായിച്ചിട്ടും ഓഫര്‍ ലെന്‍സുകള്‍ വാങ്ങാമോ എന്ന ചോദ്യത്തിനുത്തരം കിട്ടിയില്ല അല്ലേ.സീരിയസ് വര്‍ക്കുകള്‍ ചെയ്യാനാഗ്രഹിക്കുന്നയാളാണു നിങ്ങളെങ്കില്‍ ഈ പറഞ്ഞതെല്ലാം പരിശോധിച്ചു മാത്രം വാങ്ങുക. ഫോട്ടോഗ്രാഫി എല്ലാകാലത്തും ഒരു ലെന്‍സു കൊണ്ടു മാത്രം ചെയ്യാനുള്ളതല്ല.50mm ലെന്‍സ്‌ കൊണ്ട് ഷൂട്ട്‌ ചെയ്യേണ്ടത് അതുകൊണ്ടുതന്നെ ചെയ്യണം.ലെന്‍സിന്റെ അഭാവം കാരണം പല ഷോട്ടുകളും മിസ്സാവുമ്പോള്‍ നിങ്ങളൊരു സ്വപ്നജീവിയായി മാറും.
        രണ്ടു വര്ഷം മുമ്പ് എന്‍റെ സുഹൃത്ത് കിറ്റ് ലെന്‍സ്‌, ഇതു പോലെ ഓഫറില്‍ വാങ്ങിയിരുന്നു.സത്യം പറയാമല്ലോ.നല്ല പെര്‍ഫോമന്‍സ്. ഞാനൊരു ഫോട്ടോഗ്രഫെര്‍ അല്ലേ  അല്ല.ഒരു ഹോബിയസ്റ്റ് മാത്രം.എടുത്ത ചിത്രങ്ങള്‍ സ്വയം നോക്കി ആസ്വദിക്കുക. ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യുക.അത്രേയുള്ളൂ.അതാണു നിങ്ങളും ആഗ്രഹിക്കുന്നതെങ്കില്‍ മടിക്കണ്ട,കണ്ണും പൂട്ടി കിറ്റുലെന്‍സുകള്‍ വാങ്ങാം.