Tuesday, 19 August 2014

World photography day ലോക ഫോട്ടോഗ്രാഫി ദിനം(ഓഗസ്റ്റ്‌ 19)

എട്ടാം  ക്ലാസ്സില്‍(1999) പഠിക്കുമ്പോഴാണ് എനിക്കു  ഫോട്ടോഗ്രാഫി പ്രേമം പിടിപെട്ടത്‌.ക്യാമറ കയ്യിലില്ല.ഒന്നു വാങ്ങാനുള്ള സ്വപ്നം പോലും അതിവിദൂരം!സുഹൃത്തായ ഫഹദിന്റെ Yashika ക്യാമറയാണ് പതിവായി ഉപയോഗിക്കാറ്.ക്യാമറ സ്വന്തമായില്ലെങ്കിലും അതില്‍ ഫിലിം റോള്‍ ലോക്കു ചെയ്യുന്നതില്‍ അതിവിദഗ്ദ്ധനായിരുന്നു ഞാന്‍.ഒരു റോളില്‍ 38-39 ചിത്രങ്ങളൊക്കെ കിട്ടുമായിരുന്നു എനിക്ക്.ഫിലിം റോള്‍ ലോക്കായിക്കഴിഞ്ഞാല്‍ ഡയല്‍ തിരിക്കുമ്പോള്‍ ഒരു പ്രത്യേകശബ്ദമുണ്ട്.അന്നാ ശബ്ദം കേള്‍ക്കുമ്പോള്‍ എന്തൊരാശ്വാസമായിരുന്നു.അഞ്ചാറുഫോട്ടോ എടുത്താലും വാഷ് ചെയ്യാന്‍ ഒരു നിവൃത്തിയുമില്ല.ബാക്കി ഫിലിം മുതലാക്കണ്ടേ?പിന്നെ ക്യാമറയടക്കം അതു ഒരു മാസം മൂലയില്‍ കിടക്കും.ഇനി ഫിലിം മുഴുവനായാലോ  സ്റ്റുഡിയോയിലേക്കു ഒരു ഓട്ടമാണ്.
           കോട്ടക്കല്‍ അജന്തയിലായിരുന്നു ഞാന്‍ അധികവും കഴുകിച്ചിരുന്നത്.നെഗറ്റീവ് ആക്കാന്‍ അരമണിക്കൂര്‍ കാത്തിരിക്കണം.പേരു പറഞ്ഞു അവിടെത്തന്നെ പേപ്പറും വായിച്ചിരിക്കും.ഓരോ സ്ലിപ്പും കൌണ്ടര്‍മാന്‍ പേരുവിളിക്കാന്‍ തുടങ്ങുമ്പോള്‍ ഉദ്വേഗത്തോടെ അയാളെ നോക്കും.ഇനി കിട്ടിക്കഴിഞ്ഞാല്‍ ലൈറ്റിനു നേരെ പിടിച്ചു വേണ്ട ചിത്രങ്ങള്‍ മാര്‍ക്കു ചെയ്യും.പിന്നെയും അരമണിക്കൂര്‍ വെയിറ്റിംഗ്.ഡാര്‍ക്ക്റൂമില്‍ നിന്നും വരുന്ന ഓരോ കവറിലേക്കാവും പിന്നെ ശ്രദ്ധ.പേരു വിളിച്ചു 'ദാ നിങ്ങളുടെ ഫോട്ടങ്ങള്' എന്നു പറഞ്ഞു അജന്തയുടെ ഒരു കവര്‍ മുന്നിലേക്ക്‌ ഇടും.അതു തുറന്നു ആ ചിത്രങ്ങള്‍ കാണുമ്പോഴുള്ള ഒരു സംതൃപ്തി!ഇന്നു ഡിജിറ്റല്‍ യുഗം ഉള്ളം കൈയില്‍ വച്ചു കൊണ്ടു സെക്കന്ഡുകള്‍ക്കുള്ളില്‍ ഇമേജ് റിസള്‍ട്ട് പരിശോധിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അതിന്‍റെ സുഖം മനസ്സിലായെന്നു വരില്ല.കപ്യൂട്ടറില്‍ കാണുമ്പോഴല്ല,മറിച്ചു പ്രിന്റില്‍ കാണുമ്പോഴാണ് ഒരു ഫോട്ടോഗ്രാഫര്‍ക്കു കൂടുതല്‍ സംതൃപ്തി കിട്ടുക.അല്ലെങ്കില്‍ ഇന്നത്തെകാലത്തു ഫോട്ടോ വാഷ് ചെയ്യുന്നവര്‍ എത്ര പേരുണ്ട്?
         നേരാവണ്ണം സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ നശിച്ചു പോയ അനവധി പഴയ ചിത്രങ്ങളാണ് ഇന്നും എന്‍റെ വേദനയാര്‍ന്ന  നഷ്ടങ്ങളുടെ പട്ടികയിലുള്ളത്.2008ല്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി തുടങ്ങിയപ്പോഴും ചില ചിത്രങ്ങള്‍ നഷ്ടമായി.കാര്യമായ കപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സമയമായതിനാല്‍ ഫയലിന്‍റെ പേരു മാറ്റാതെ അതേ ഫോള്‍ഡറില്‍ വീണ്ടും സേവ് ചെയ്തപ്പോള്‍ പറ്റിയ അബദ്ധമായിരുന്നു അത്.
      ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്ന ഇന്ന് ആ പഴയ ഓര്‍മ്മകള്‍ അയവിറക്കി എന്നു മാത്രം.
        (ഫോട്ടോയില്‍ അങ്ങു ദൂരെ കാണുന്നത് കോഴിക്കോട് വിമാനത്താവളമാണ്.18 കി.മി. എന്‍റെ വീട്ടില്‍ നിന്നും).

No comments:

Post a Comment