Monday, 21 July 2014

ഒരു DSLRല്‍ സാധാരണക്കാരന്‍ പേറുന്ന പ്രശ്നങ്ങള്‍

            ടൈം പാസിനു വേണ്ടിയും ഫേസ്ബുക്ക്,ഗൂഗിള്‍ പ്ലസ്,മറ്റു ഫോട്ടോകള്‍ ചാര്‍ത്താന്‍ പറ്റിയ സൈറ്റുകള്‍ക്കു വേണ്ടിയും ഫോട്ടോയെടുക്കാന്‍ P&S ക്യാമറയില്‍  ക്ലിക്കിക്കൊണ്ടിരുന്ന ഒരാള്‍ ഒരു DSLR വാങ്ങിയെന്നു കരുതുക.പുള്ളി അത്യാവശ്യം അതിന്‍റെ ഉപയോഗക്രമങ്ങളൊക്കെ പഠിച്ചിട്ടുമുണ്ട്.(കഥാപാത്രം ഒരു പ്രൊഫഷണല്‍ അല്ല,കഴുത്തില്‍ ബാഡ്ജ് ഇല്ല,ഫോട്ടോഗ്രാഫര്‍ അസോസിയേഷന്‍റെ മെമ്പര്‍ഷിപ്പുമില്ല).ഇതിയാന്‍ SLRറുമായി പുറത്തിറങ്ങിയാല്‍ എന്തൊക്കെ നേരിടേണ്ടി വരും? ഞാന്‍ എന്‍റെ ചില അനുഭവങ്ങള്‍ പറയാം.
             രണ്ടു വര്‍ഷം മുമ്പ് ഒരു പെരുന്നാളിനു ഞാന്‍ ക്കൂട്ടുകാരുമൊത്തു എന്‍റെ നാടിനടുത്തുള്ള  ചെരുപ്പടി മല എന്ന ഒരു സുന്ദര ഇടം സന്ദര്‍ശിക്കാന്‍ പോയി.ഫോട്ടോയ്ക്കായി ഞാന്‍ പുറത്തെടുത്തതും ചിലരുടെ ശ്രദ്ധ എന്നിലേക്കായി.പിള്ളേര്‍ വട്ടം കൂടി ,ഏതു പേപ്പറില്‍ നിന്നാ? എന്നൊക്കെയായി ചോദ്യം.ചിലര്‍ ബോധപൂര്‍വ്വം ഫ്രൈമില്‍ കയറിക്കൂടാനും,റോഡിന്‍റെ ഫോട്ടോയെടുത്തപ്പോള്‍ ബൈക്കുകള്‍ മെല്ലെ പോകാനും എന്‍റെ ക്യാമറ ഇടയാക്കി.(ഫലത്തില്‍ ക്ലൌഡിയായിരുന്ന സമയത്തും ചിത്രം ഷേക്ക്‌ ആകാതെ കിട്ടി ).

             പിന്നൊരിക്കല്‍ എന്‍റെ നാടിന്റെ ഒരു കിലോമീറ്റര്‍ അപ്പുറത്ത് എന്‍റെ സുഹൃത്തിന്റെ ഭാര്യവീടിന്റെ അയല്‍വാസിയുടെ (വല്ലാത്തൊരു ബന്ധം ,അല്ലേ.)കാര്‍ റോഡ്‌ സൈഡിലെ ഒരു ലെയ്ത്തി ലേക്കു കേറി ചാമ്പി. ന്ന്വച്ചാ ഇടിച്ചു. വണ്ടിയുടെ മുതലാളി ഒരു ഗള്‍ഫുകാരന്‍.പുള്ളിക്കാരന് ഇന്ഷുറന്സ് ക്ലയിമിനു വേണ്ടി കാറിന്‍റെ ചില ഫോട്ടോകള്‍ വേണം.അങ്ങനെ എന്‍റെ സുഹൃത്തിനോട്  മൂപ്പര്‍ ഫോട്ടോയെടുത്തു തരാന്‍   അഭ്യര്‍ത്ഥിച്ചു.പുള്ളിഎന്നെ ഇക്കാര്യം ഏല്‍പ്പിച്ചു.നമ്മളിതൊക്കെ കേള്‍ക്കാന്‍ കാത്തിരിക്കുകയല്ലേ.ഞാന്‍ SLRറുമായി  സ്പോട്ടിലെത്തുമ്പോള്‍ ചെറിയൊരു കൂട്ടം അവിടെയുണ്ട്.എല്ലാവരും ഡിറ്റക്ടീവുകളായിക്കൊണ്ട് പല പല അനുമാനങ്ങളിലെത്തുന്നു.ഞാന്‍ ക്യാമറയെടുത്തു വാഹനത്തിന്‍റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങളെടുക്കാന്‍ തുടങ്ങി.അതാ പഴയ ചോദ്യം.ഏതു പേപ്പറില്‍ നിന്നാ?കുട്ടികള്‍ പലരും ഫ്രൈമിലെക്കു തള്ളിക്കയറാനും തുടങ്ങി. ദൃക്സാക്ഷികളെന്നു തോന്നിയ ചിലര്‍ കഥാവിവരണവും തുടങ്ങി.അവസാനം ഞാന്‍ സത്യാവസ്ഥ വെളിപ്പെടുത്തി.'അയ്യേ' ,'പേപ്പറില്‍ നിന്നല്ല,അല്ലേ' എന്നീ ഭാവങ്ങള്‍ ചിലരുടെ മുഖത്ത് വെളിവായത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.
           ഒരിക്കല്‍ ഓണത്തിനു ഏറണാകുളം ടൂറു പോയപ്പോള്‍ കൊച്ചിയിലെ ലുലു മാള്‍ ഒന്നു കാണാമെന്നു കരുതി.താഴെ മാവേലിയുടെ ഒരു പ്രതിമ.അതിന്‍റെ കൂടെ ഒരു ഫോട്ടോയെടുക്കാന്‍ DSLR സുഹൃത്തിനെ ഏല്പിച്ചു.അതാ വരുന്നു സെക്യൂരിറ്റി.''ഈ ക്യാമറ കൊണ്ടു ഫോട്ടോയെടുക്കാന്‍ അനുവാദമില്ല.''എന്‍റെ പോക്കറ്റില്‍  അപ്പോഴും P&Sക്യാമറ ഉണ്ടായിരുന്നു.അതു കാണിച്ചു.''ആ..ഇതു കൊണ്ടു കുഴപ്പമില്ല.''അതും ഇതും ക്യാമറ തന്നെയല്ലേ എന്നൊക്കെ തര്‍ക്കിക്കണമെന്നു തോന്നിയെങ്കിലും ചിലപ്പോ  P&S ക്യാമറ കൊണ്ടു പോലും ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെങ്കിലോ എന്നോര്‍ത്തു പിന്‍വാങ്ങി.

            പിന്നെ ഓര്‍മ്മയുള്ള സംഭവം കുറെ മുമ്പാണ്.2009ല്‍ കല്‍ക്കട്ടയിലെ ഹൌറ ബ്രിജിലൂടെ SLRകഴുത്തില്‍ തൂക്കി നടക്ക്വാണ്. ( ക്യാമറ അന്നു ഫിലിം റോള്‍ SLR ആണു.) പാലത്തില്‍ വച്ചു പോലീസ് പിടിച്ചു. എവിടുന്നാ? എന്തിനാ? തുടങ്ങി പോലീസ് സ്റൈല്‍ ചോദ്യങ്ങള്‍.അന്നു എന്‍റെ പ്രായം മാനിച്ചായിരിക്കും അവര്‍ വെറുതെ വിട്ടതെന്നു തോന്നി.എന്നാലും എന്‍റെ ഉള്ളിലെ ഫോട്ടോഗ്രാഫര്‍ വെറുതെയിരിക്കുമോ? ഒന്നു രണ്ടെണ്ണം എടുത്തു
.

           ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള ട്രെയിന്‍ യാത്രയില്‍  തേക്കുമരങ്ങള്‍ കൊണ്ടു മനോഹരമായി അലങ്കരിച്ച അങ്ങാടിപ്പുറം സ്റ്റേഷന്‍ ഫ്രൈമിലാകാന്‍ ഞാന്‍ SLR  പുറത്തെടുത്തു.വീണ്ടും അതാ നേരത്തെ പറഞ്ഞ ഫ്രൈമിലേക്കുള്ള തള്ളിക്കേറല്‍.കുലുക്കല്ലൂര്‍  സ്റ്റേഷനില്‍ വച്ചു റെയില്‍വേ ബോര്‍ഡിന്‍റെ ചിത്രമെടുക്കുമ്പോള്‍ അതാഒരു മൂപ്പിലാന്‍ ഫ്രൈമില്‍.ട്രെയിന്‍ അനങ്ങും വരെ മേപ്പടിയാന്‍ അനങ്ങിയില്ല.എന്‍റെ തന്ത്രപ്പാട് കണ്ടു ഡോറരുകില്‍ നിന്നിരുന്ന ഒരു അന്വേഷണ കുതുകി ആ പഴയ ചോദ്യം വീണ്ടും.''ഏതു പേപ്പറില്‍ നിന്നാ?''.''നാളത്തെ എല്ലാ പേപ്പറും വാങ്ങിച്ചോളിന്‍.''-ഞാന്‍
           ആഗ്രയിലേക്കുള്ള യാത്രയില്‍ മംഗള എക്സ്പ്രസ്സില്‍ കൊങ്കണിന്‍റെ സ്വാഭാവിക സൌന്ദര്യം പകര്‍ത്തുമ്പോള്‍ 'ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ'യിലെ അമരിഷ് പുരിയായി വില്ലന്‍ TTE  എത്തി."ക്യാ,ആപ്കോ മാലൂം നഹിം,ട്രേന്‍ കേ അന്ദര്‍ തസ്വീര്‍ കീച്നാ മനാ ഹേം ?'' "ഠിക്കെ,.. ഠിക്കെ".അമരിഷ്ജിയുടെ ക്വാട്ടാ ഗോവയില്‍ അവസാനിച്ചപ്പോഴാണ് ഞാന്‍ വീണ്ടും DSLRനെ കൊങ്കണ്‍ തുരങ്കങ്ങള്‍ കാണിച്ചത്.
           അടുത്ത സംഭവം എന്‍റെ നാട്ടില്‍ വച്ചു തന്നെ.ഒരു ഹര്‍ത്താല്‍ ദിനത്തില്‍ നാട്ടുകാരും ഹര്‍ത്താല്‍ ആഹ്വാരകരും തമ്മിലുണ്ടായ കശപിശ ഞാന്‍ ഫ്രൈമിലാക്കുമ്പോള്‍ ഞാന്‍ ഹര്‍ത്താല്‍ പക്ഷക്കാരുടെ ആളാണെന്നു തെറ്റിദ്ധരിച്ച  ചില ഉണ്ണാക്കന്മാര്‍ എന്‍റെ ക്യമറ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു.കൂട്ടത്തില്‍ ഒരുത്തന്‍റെ കമന്റ് ഇങ്ങനെയായിരുന്നു.''ക്യാമറയില്‍ നിന്നും ആ ഫിലിം റോള്‍ എടുത്തിട്ടു ക്യാമറ തിരിച്ചു കൊടുത്താ മതി.''SLR ക്യാമറയുടെ തടിച്ച ,പിടിക്കുന്ന ഭാഗം ഫിലിം റോള്‍ ഇടാനുള്ളതാണെന്നു വിശ്വസിച്ചു പോരുന്ന ഒരുപാടു പേരുണ്ടെന്ന് അന്നെനിക്ക് മനസ്സിലായി.
           റീസെന്റിലി, അബുദാബിയിലെ ഗ്രാന്‍ഡ്‌ മസ്ജിദില്‍ നോമ്പു തുറക്കു പോയപ്പോള്‍ ഇവനേയും കൂടെ കരുതി.ചിത്രമെടുപ്പ് തകര്‍ത്തു മുന്നേറുമ്പോള്‍ അതാ മറ്റോന്‍.സെക്യൂരിറ്റി..മൂപ്പര്‍,എന്നെയും കൂട്ടി വല്യ മൂത്താപ്പാന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.അതിയാന്‍ വതനിയാണ്.നീ എന്തിനു ഫോട്ടോയെടുത്തു?ഇതിന്‍റെ പെര്‍മിഷന്‍ വാങ്ങിയിട്ടുണ്ടോ?തുടങ്ങി നെടുനീളന്‍ ചോദ്യശരങ്ങള്‍.ഞാന്‍ ബ..ബ്ബ..ബ്ബാ കളിച്ചു സോറിയും പറഞ്ഞു ക്യാമറ ബാഗിനുള്ളിലാക്കി.ടെന്ടിനുള്ളിലേക്കു കയറുമ്പോള്‍ ഒരാള്‍ ബാഡ്ജും തൂക്കി 5D Mark III യും കൊണ്ടു കസര്‍ത്തുന്നത് കണ്ടു.വെറുതെയല്ല സെക്യൂരിറ്റി......കാഴ്ചയില്‍ ഒരു പോലെയുണ്ടെന്നതല്ലാതെ 5Dയുടെ നിഴലില്‍ പോലും വെക്കാനുള്ള യോഗ്യത എന്‍റെ ക്യാമറക്കില്ല.വില കൊണ്ടും പെര്ഫോമെന്‍സ് കൊണ്ടും.എന്‍റെ പാവം Point&Shoot എടുത്താല്‍ മതിയായിരുന്നു.
       എന്നാലും ഏതു പേപ്പറില്‍ നിന്നാ എന്ന ചോദ്യം അറം പറ്റിയെന്നു പറഞ്ഞാല്‍ മതിയല്ലോ.നമ്മുടെ ഋഷിരാജ് സിംഹം റോഡു വകുപ്പിനെ ഉടച്ചു വാര്‍ക്കുന്ന സമയം.പുള്ളിക്കാരന്‍ ലഞ്ചും കഴിച്ചു കുംഭയും തടവി പല്ലിട കുത്തിക്കൊണ്ടിരിക്കുന്ന സമയത്താണു ഒരൈഡിയ തോന്നിയത്.ഇപ്പൊ ഫേസ്ബുക്കാണല്ലോ താരം.വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഫോട്ടോയെടുത്തു തെളിവു സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിനെടാ എന്നൊരു കൊളുത്തിട്ടാല്‍ സ്മാര്‍ട്ട് ഫോണ്‍ ക്യാമറയും കൊണ്ട് എന്തെങ്കിലുമൊക്കെ വിക്രിസ് കാണിക്കണമെന്നു പരതി നടക്കുന്ന ഫ്രീക്കന്മാര്‍ കേറി കൊളുത്തുമല്ലോ എന്നു മൂപ്പര്‍ക്കു തോന്നിക്കാണും. പറഞ്ഞു വന്നതു ഇതിന്‍റെ പരസ്യപ്രാചാരണത്തിനായി അന്നത്തെ മാതൃഭൂമി പത്രം തെരഞ്ഞെടുത്തത് അടിക്കുറിപ്പോടു കൂടിയ ഫേസ്ബുക്കിലെ എന്‍റെ ചിത്രമായിരുന്നെന്ന്‍ ചരിത്രം.


       

1 comment: